ഈ പരിഭാഷയിൽ, 2017-12-11 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.
താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.
എന്തു് കൊണ്ടു് പകര്‍പ്പനുമതി?
“മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാതിരിയ്ക്കുന്നതു് ദൌര്‍ബല്യമാണു്, എളിമയല്ല.”
ഗ്നു സംരംഭത്തില്‍ ഞങ്ങള്‍ പൊതുവെ, ഗ്നു ജിപിഎല്‍ പോലുള്ള, പകര്‍പ്പനുമതിയുള്ള സമ്മതപത്രങ്ങള്‍ ഉപയോഗിയ്ക്കാനാണു് നിര്‍ദ്ദേശിയ്ക്കാറ്, അല്ലാതെ കൂടുതല്‍ അധികാരങ്ങള്‍ തരുന്ന പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സ്വതന്ത്ര സോഫ്റ്റ്വെയര് സമ്മതപത്രങ്ങളല്ല. പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി വാദിയ്ക്കാറില്ല –ചിലപ്പോള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഞങ്ങളതു് നിര്‍ദ്ദേശിയ്ക്കാറുമുണ്ടു്– പക്ഷെ അത്തരം സമ്മതപത്രങ്ങളുടെ വക്താക്കള്‍ ജിപിഎല്‍ -നു് എതിരായി ശക്തമായി വാദിയ്ക്കാറുണ്ടു്.
അങ്ങനെയുള്ള ഒരു വാദത്തില്‍, ഒരാള്‍ പറഞ്ഞതു്, ബിഎസ്ഡി ലൈസെന്‍സുകളിലൊരെണ്ണം അയാള്‍ തിരഞ്ഞെടുത്തതു് “വീനീതമായ പ്രവൃത്തി” ആണെന്നാണു്: “എന്റെ കോഡുപയോഗിയ്ക്കുന്നവരോടു്, എനിയ്ക്കു് അംഗീകാരം തരണം എന്നതില്‍ കൂടുതലൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല.” അംഗീകാരം ലഭിയ്ക്കുന്നതിനായുള്ള നിയമപരമായ ഒരു ആവശ്യത്തെ “വിനയം” എന്നുപറയുന്നതു് വളച്ചൊടിക്കലാണു്. എന്നാല്‍ ഇവിടെ കൂടുതല്‍ ഗഹനമായ ഒരു കാര്യം പരിഗണിയ്ക്കേണ്ടതുണ്ടു്.
വിനയം എന്നാല്‍ നിങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു് വിലകൊടുക്കുന്നില്ല എന്നാണു്, പക്ഷെ നിങ്ങളുടെ കോഡിനു് ഏതു് സ്വതന്ത്ര സോഫ്റ്റ്വെയര് സമ്മതപത്രം ഉപയോഗിയ്ക്കണമെന്ന തീരുമാനം നിങ്ങളേയും നിങ്ങളുടെ കോഡുപയോഗിയ്ക്കുന്നവരേയും മാത്രമല്ല ബാധിയ്ക്കുന്നതു്. നിങ്ങളുടെ കോഡ് സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാമില്‍ ഉപയോഗിയ്ക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം തടയാനാണു് ശ്രമിയ്ക്കുന്നതു്, അതു് ചെയ്യാന്‍ നിങ്ങള്‍ അനുവദിയ്ക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണു്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിയ്ക്കുന്നതിനായി ഒന്നും ചെയ്യാതിരിയ്ക്കുന്നു് ദൌര്‍ബല്യമാണു്, എളിമയല്ല.
നിങ്ങളുടെ കോഡ് ബിഎസ്ഡി ലൈസന്‍സുകളിലോ, മറ്റേതെങ്കിലും കൂടുതല്‍ അനുവാദങ്ങളുള്ള, പകര്‍പ്പനുമതി ഉപയോഗിയ്ക്കാത്ത സമ്മതപത്രങ്ങളിലോ പുറത്തിറക്കുന്നതു് തെറ്റല്ല; ആ പ്രോഗ്രാം അപ്പോഴും സ്വതന്ത്ര സോഫ്റ്റവെയറാണു്, അതു് നമ്മുടെ സമൂഹത്തിനുള്ള സംഭാവനതന്നെയാണു്. പക്ഷെ അതു് ദുര്‍ബലമാണു്, മാത്രമല്ല പലപ്പോഴും സോഫ്റ്റ്വെയര് പങ്കുവെയ്ക്കാനും മാറ്റംവരുത്താനും ഉപയോക്താക്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ പറ്റി പ്രചരിപ്പിയ്കാന്‍ ഏറ്റ്വും അനുയോജ്യമായ മാര്‍ഗ്ഗവും അതല്ല.