ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.
വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇരിമ്പനം
സ്ഥാനം
ഇന്ത്യയില്‍ കേരള സംസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ നഗരമായ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഇരിമ്പനം എന്ന സ്ഥലത്ത് ആണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
സ്കൂളിനെക്കുറിച്ചു്
1940-ല്‍ സ്ഥാപിതമായ, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇരിമ്പനം സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം ആണ്. യു.പി തലം (5-ാം ക്ലാസ്സു മുതല്‍ 7 വരെ) മുതല്‍ ഹൈ സ്കൂള്‍ തലം (8-ാം ക്ലാസ്സു മുതല്‍ 10 വരെ) വരെ ഉള്ള വിദ്യാഭ്യാസം ഇവിടെ ലഭ്യമാണ്. 10 മുതല്‍ 15 വയസ്സുവരെയുള്ള 1000-ത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു.
പ്രചോദനം
ഗ്നു സംരംഭം അനുശാസിക്കുന്ന തത്ത്വശാസ്ത്രത്തിന്റെ പ്രധാന ചില ദര്‍ശനങ്ങള്‍ ആയ, അറിവു പങ്കിടുന്നതിനുള്ള സ്വാതന്ത്ര്യം, സാമൂഹിക പങ്കാളിത്തത്തോടെ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ മെച്ചപ്പെടുത്താനുള്ള സഹകരണത്തിനുള്ള സ്വാതന്ത്ര്യം എന്നിവ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങളുടെ സ്ഥാപനം പ്രത്യേക താല്പര്യം എടുക്കുന്നു. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള ഈ അവബോധം അടുത്ത നഗരമായ കൊച്ചിയില്‍ ഇന്ത്യന്‍ ലിബ്രെ യൂസര്‍ ഗ്രൂപ്പ് (ഐ.എൽ.യു.ജി. - കൊച്ചിന്‍) സംഘടിപ്പിച്ച കൂടിച്ചേരലുകളില്‍ നിന്ന് ഉള്‍ക്കൊണ്ടവയാണ്. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ കൂടിച്ചേരലുകളില്‍ പങ്കെടുക്കുന്നത് ഞങ്ങളെ സഹായിച്ചു.
ഞങ്ങള്‍ ഇത് എങ്ങനെ ചെയ്തു
സ്കൂളിന്റെ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്കുള്ള മാറ്റം കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുകയും നിലവില്‍ വരികയും ചെയ്തത് ഐടി@സ്കൂൾ എന്ന പദ്ധതിയുടെ ഫലമായിട്ടാണ്. 2001-ാം ആണ്ടില്‍ ആരംഭിച്ച ഈ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ആയിരക്കണക്കിനു സ്കൂളുകള്‍ പങ്കെടുക്കുകയും, 2006-ാം ആണ്ടോടെ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേയ്ക്ക് മാറുകയും ചെയ്തു.
എസ്.എസ്.കെ. വി.എച്ച്.എസ്.എസ്. ഇരിമ്പനത്തില്‍ നടത്തിയ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍.
പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടിസ്ഥാന പാഠങ്ങളും ഇതെങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നും അധ്യാപകരെ പഠിപ്പിക്കുന്നതിനായി ട്രെയിനിങ് കോഴ്സുകളും കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഈ നവീകരിച്ച പദ്ധതി ആദ്യമായി തയാറാക്കിയത്, പൊതു-സ്വകാര്യ മേഖലകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചരണത്തിനു വേണ്ടി കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പെയ്സ്, എന്ന സ്ഥാപനം ആണു്. അദ്ധ്യാപകർക്കു നിരന്തരമായ പിന്തുണയുമായി സ്പെയ്സും അതാത് ഇടങ്ങളിലെ തദ്ദേശ സ്വതന്ത്ര സോഫ്റ്റ്‌വെയർ യൂസർ ഗ്രൂപ്പുകളും ഇതിൽ പ്രധാനപങ്കു വഹിച്ചിട്ടുണ്ടു്. സ്പെയ്സ് സംഘടിപ്പിച്ച ഒരു പഠനശാല സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഞങ്ങളുടെ സ്കൂളിനായി ഒരു വെബ്സൈറ്റ് നിർമ്മിക്കാൻ സഹായകമായി.
ട്രെയിനിങ് സോഫ്റ്റ്‌വെയറിലേക്കു മാത്രം പരിമിതപ്പെടുത്തിയിരുന്നില്ല, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹാർഡ്‌വെയറിന്റെ അറ്റകുറ്റപണികൾക്കുള്ള അടിസ്ഥാനപാഠങ്ങൾ നല്കുന്നതും ഇതിൽ ഉൾപ്പെട്ടു. ഞങ്ങളുടെ സ്കൂളിലെ 10 വയസ്സുള്ള കുട്ടികൾക്കു് ഒരു കംപ്യൂട്ടർ അസ്സംബിൾ ചെയ്യുവാൻ തക്ക അറിവുണ്ടു്.
വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി വിഷയവുമായി ബന്ധപ്പെട്ട സ്വതന്ത്ര ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനു അദ്ധ്യാപകർക്കായി പഠനസഹായികൾ തയ്യാറാക്കിയിരുന്നു. ഉദാഹരണത്തിനു്, കണക്കു അദ്ധ്യാപകർക്കായി, ജ്യോമെട്രി പഠിപ്പിക്കുവാൻ സഹായിക്കുന്ന ഡോ. ജിയോ എന്ന സ്വതന്ത്ര ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ വേണ്ട ട്രെയിനിങ് മൊഡ്യൂൾ, കെമിസ്ട്രി അദ്ധ്യാപകർക്കായി, കാർബൺമിശ്രിതങ്ങളുടെ ഘടന വരയ്ക്കുവാൻ ഉപയോഗിക്കുന്ന കെമ്ടൂൾ എന്ന സ്വതന്ത്ര ആപ്ലിക്കേഷനു വേണ്ട ട്രെയിനിങ് മൊഡ്യൂൾ, എന്നിവപോലെ മറ്റനേകം പഠനസഹായികൾ ലഭ്യമായിരുന്നു.
ബ്ലെൻഡർ, ഇങ്ക്സ്കേപ് എന്നിവ പോലെ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും കമാൻഡ്‌ലൈൻ ഇന്റർഫേസും പഠിപ്പിക്കുന്നതിനായി സ്കൂളിന്റെയും കൊച്ചിയിലെ തദ്ദേശ സ്വതന്ത്ര സോഫ്റ്റ്‌വെയർ യൂസേർസ് ഗ്രൂപ്പായ ILUG-കൊച്ചിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ ട്രെയിനിങ് പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ സ്കൂളിന്റെ ഒരു ഐ.ആര്‍.സി ചാനലും തുടങ്ങിയിട്ടുണ്ട്.
സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനോടുള്ള പ്രതിബദ്ധത
അദ്ധ്യാപകരുടെ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലെ പരിചയക്കുറവു മൂലം ആരംഭത്തിൽ കംപ്യൂട്ടറുകൾ ഒക്കെ ഡ്യുവൽബൂട്ട് (ഒരേ കംപ്യൂട്ടറിൽ രണ്ടു തരം ഓപ്പറേറ്റിങ് സിസ്റ്റം) രീതിയിൽ ആണു് ഉപയോഗിച്ചിരുന്നത്. എന്നാൽ അധികം വൈകാതെതന്നെ എല്ലാവർക്കും മാറ്റങ്ങളോടു് വലിയൊരു അളവുവരെ പൊരുത്തപ്പെടാനായി. നിലവിൽ ഒരു വിധത്തിലുമുള്ള കുത്തക സോഫ്റ്റ്‌വെയറുകൾ ഞങ്ങളുടെ കംപ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. പഠനമുറികളിലും ഓഫീസ് ആവശ്യങ്ങൾക്കായും പൂർണ്ണമായി സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
പഠനമുറികളില്‍ ഞങ്ങള്‍ വ്യാപകമായി വിവിധതരം സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു, ഗിമ്പ്, ടക്സ് പെയിന്റ്, ഒടാസിറ്റി, ജിപീരിയോടിക്ക്, ലിബ്രെഓഫീസ്, എന്നിവ കൂടാതെ ഇനിയും ധാരാളം ഉണ്ട്.
എട്ടാം തരം (13 വയസ്സു്) മുതലുള്ള കുട്ടികൾക്കു് പ്രോഗ്രാമിങ് ലാങ്ഗ്വേജായ പൈതൺ പരിചയപ്പെടുത്തുന്നു.
ഫലം
ഒരു വിദ്യാർത്ഥി അഡീനിയ പുഷ്പത്തിന്റെ പേരു് മലയാളത്തിൽ ഉച്ചരിക്കുന്നത് കേൾക്കുക.
കേരള സംസ്ഥാനത്തിലെ വിദ്യാഭ്യാസരംഗം “ഐ. ടി.-എനേബിൾഡ്” ആണു്, അതിനർഥം ഇവിടുത്തെ വിദ്യാർത്ഥികൾക്കു് ഐ. ടി. ലാബിനു പുറമേയുള്ള പതിവു കരിക്കുലം വിഷയങ്ങൾ കൂടാതെ മികച്ച സാങ്കേതിക വിദ്യാഭ്യാസംകൂടിയാണു് ലഭിക്കുന്നതു്. ഗ്നു-ലിനക്സിൽ ലഭ്യമായിരിക്കുന്ന നല്ല നിലവാരം പുലർത്തുന്ന അനേകം വിദ്യാഭ്യാസ ആപ്ലിക്കേഷനുകളാണു് ഇതു സാധ്യമാക്കുന്നതു്.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സുതാര്യതയും സഹകരണ രീതികളും കുട്ടികളേയും അദ്ധ്യാപകരേയും സാങ്കേതികതയുടെ ആഴങ്ങളിലേയ്ക്കു് ആകർഷിക്കുകയും സമൂഹത്തിനു ഇതിൽ പലവിധ സംഭാവനകൾ നല്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നടത്തിയ ഒരു പ്രധാന പ്രവർത്തനം ആണു് ടക്സ് പെയിന്റ് ഇന്റർഫേസ് മലയാളത്തിൽ, നമ്മുടെ മാതൃഭാഷയിലേയ്ക്കു പ്രാദേശീകരിക്കുക എന്നത്.
ടക്സ് പെയിന്റിലേയ്ക്കു പുതിയ സ്റ്റാമ്പുകൾ കൂട്ടിചേർത്തത് മറ്റൊരു പ്രവർത്തനം ആണു്. നാട്ടിലെ പൂക്കളുടെ ചിത്രങ്ങൾ എടുക്കുകയും അവ ചിത്രസംയോജന സോഫ്റ്റ്‌വെയർ ആയ ഗിമ്പ് ഉപയോഗിച്ച് ചിട്ടപ്പെടുത്തുകയും ചെയ്തത് ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികളാണു്. ഈ ചിത്രങ്ങൾ അവയുടെ മലയാളം പേരുകളോടൊപ്പം ടക്സ് പെയിന്റിലേയ്ക്കു ചേർക്കുകയും ചെയ്തു. ഇതു കൂടാതെ പൂക്കളുടെ പേരുകൾ കുട്ടികളുടെ തന്നെ ശബ്ദത്തിൽ രേഖപ്പെടുത്തുകയും, ഒരു സ്റ്റാമ്പ് തിരഞ്ഞെടുക്കുമ്പോൾ ആ പൂവിന്റെ പേരു് മലയാളത്തിൽ കേൾക്കുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്തു. ഇവയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും കൂടുതൽ അറിയുന്നതിനുമായി ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.
വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യുവാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക. സബ്റിപ്പ് ഫോർമാറ്റിലുള്ള ഇംഗ്ലീഷ് സബ്ടൈറ്റിൽ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
രണ്ടു് പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത് സ്കൂളിലെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഗ്രൂപ്പായ വി. എച്ച്. എസ്. എസ്. ഇരിമ്പനം സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മയാണു് (SSK VHSS Irimpanam). ഈ കൂട്ടായ്മയുടെ ലക്ഷ്യം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്ത്വശാസ്ത്രത്തിനേക്കുറിച്ചു ബോധവത്ക്കരണം നടത്തുക, സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിലേയ്ക്കുള്ള സംഭാവനയായി ആളുകൾക്കു ഗ്നു/ലിനക്സിലെ പുതിയ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുക എന്നിവയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നതിനും ഇതു നല്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനും കൂട്ടായ്മയിലെ അംഗങ്ങളെ പ്രചോദിപ്പിക്കുന്നതിനായി കൂടിച്ചേരലുകളും വിവിധ പ്രവർത്തനങ്ങളും മാസംതോറും സംഘടിപ്പിക്കാറുണ്ടു്.
മറ്റുള്ള സ്കൂളുകളുമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹവുമായും സമ്പർക്കത്തിനും അനുഭവങ്ങൾ പങ്കിടുന്നതിനുമായി, ഇവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും വർഷംതോറും നടക്കുന്ന വിവിധ ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയർ സമ്മേളനങ്ങളിലും സൈബർ സേഫ് ഡെ പോലെയുള്ള ചടങ്ങുകളിലും പങ്കെടുക്കാറുണ്ടു്.
അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, തദ്ദേശ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകളുടെയും അകമഴിഞ്ഞ ആത്മാർത്ഥതയും സഹകരണവുമാണു് സർക്കാരിന്റെ ഈ ബൃഹദ്പദ്ധതിയുടെ വിജയത്തിനു് കാരണമായിരിക്കുന്നത്.
കടപ്പാട്
ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടു ചിത്രങ്ങളും, ഓഡിയോയും ക്രിയേറ്റിവ് കോമൺസ് ആട്ട്രിബ്യൂഷൻ-ഷെയർ എലൈക്ക് 3.0 അൺപോർട്ടഡ് ലൈസൻസിൽ റിലീസ് ചെയ്ത വി. എച്ച്. എസ്. എസ്. ഇരിമ്പനം സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മയോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
താഴെ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് ആ വിദ്യാലയത്തിലെ സ്റ്റാഫ് തന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്.