ഈ പരിഭാഷയിൽ, 2021-08-22 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

ജനാധിപത്യത്തിനു് എത്രത്തോളം സർവേയിലൻസിനെ ചെറുക്കുവാൻ കഴിയും?

ഈ ലേഖനത്തിന്റെ ഒരു പതിപ്പു് ആദ്യമായി പ്രസിദ്ധീകരിച്ചതു് ഒക്ടോബർ 2013-നു് Wired-ൽ ആണു്.
ഇതു കൂടാതെ “നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന നിർദ്ദേശങ്ങൾ എന്നതും വായിക്കുക,” ഏപ്രിൽ 2018-നു് The Guardian-ൽ പ്രസിദ്ധീകരിച്ചതാണിതു്.

കംപ്യൂട്ടർ സ്ക്രീനിൽ പെട്ടെന്നു പൊങ്ങിവന്ന മൂന്നു പരസ്യങ്ങൾ കണ്ടു്
അദ്ഭുതപ്പെടുന്ന ഒരു പട്ടിയുടെ കാർട്ടൂൺ...

“ഞാനൊരു പട്ടിയാണെന്നു് അവരെങ്ങനെ കണ്ടുപിടിച്ചു?”

എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്കു നന്ദി, അതു കാരണം സമൂഹത്തിൽ ഇന്നു നിലവിലുള്ള പൊതുവായ സർവേയിലൻസ് (surveillance) മനുഷ്യാവകാശങ്ങൾക്കു ചേരാത്തവയാണെന്നു് നമുക്കറിയാം. ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതു് ആളുകളെ സ്വയം സെൻസർ ചെയ്യുന്നതിലേക്കും പരിമിതപ്പെടുത്തുന്നതിലേക്കും നയിക്കുന്നു. യുഎസിലും മറ്റിടങ്ങളിലും ഭിന്നാഭിപ്രായമുള്ളവരെയും, വിവരങ്ങളുടെ ഉറവിടങ്ങളെയും, മാധ്യമപ്രവർത്തകരെയും ആവർത്തിച്ചു് പീഡിപ്പിക്കുന്നതും പ്രോസിക്യൂട്ടു് ചെയ്യുന്നതും ഇതു സ്ഥിരീകരിക്കുന്നു. പൊതുവായ സർവേയിലൻസിന്റെ തോതു കുറയ്ക്കേണ്ടതായിട്ടുണ്ടു്, പക്ഷേ എത്രമാത്രം? അതിരു കടക്കരുതെന്നു് ഉറപ്പുവരുത്തേണ്ട, സർവേയിലൻസിന്റെ പരമാവധി അനുവദനീയമായ തോതു് എവിടെയാണു്? സർവേയിലൻസ് ജനാധിപത്യത്തിന്റെ നടത്തിപ്പിനെ തടസ്സപ്പെടുത്താൻ തുടങ്ങുന്നതിനുമപ്പുറത്താണു് ഈ തോതു്, ഈ നിലയിൽ (സ്നോഡനെ പോലുള്ള) വിസിൽബ്ലോവർമാർ പിടിക്കപ്പെടാൻ സാധ്യതയുണ്ടു്.

സർക്കാർ രഹസ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു്, ഭരണകൂടം എന്താണു ചെയ്യുന്നതെന്നു നമ്മളോടു പറയാൻ നമ്മൾ ജനങ്ങൾ വിസിൽബ്ലോവർമാരെ ആശ്രയിക്കുന്നു. (2019-ൽ അനവധി വിസിൽബ്ലോവർമാർ, ട്രംപ് ഉക്രെയിൻ പ്രസിഡന്റിനെ താഴെയിറക്കാൻ ശ്രമിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമായി നല്കിയതു് ഞങ്ങളെ ഇതോർമ്മപ്പെടുത്തി.) എന്നിരുന്നാലും, ഇന്നു നിലവിലുള്ള സർവേയിലൻസ്, വിസിൽബ്ലോവർമാരാകാൻ സാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണു്, അതായതു് അതു വളരെ കൂടുതലാണു്. ഭരണകൂടത്തിനു മുകളിൽ നമുക്കുള്ള ജനാധിപത്യപരമായ നിയന്ത്രണം വീണ്ടെടുക്കുവാൻ, വിസിൽബ്ലോവർമാർക്കു് അവർ സുരക്ഷിതരാണെന്നു് അറിയുന്നതെവിടെയാണോ ആ തോതിലേക്കു് സർവേയിലൻസിനെ ചുരുക്കണം.

1983 മുതൽ ഞാൻ വാദിയ്ക്കുന്നതുപോലെ തന്നെ, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിയ്ക്കുക എന്നതാണു് നമ്മുടെ ഡിജിറ്റൽ ജീവിതങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ചുവടു്, അതിൽ സർവേയിലൻസു തടയുന്നതും അടങ്ങുന്നു. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറിനെ നമുക്കു് വിശ്വസിക്കാൻ കഴിയില്ല; നമ്മുടെ സ്വന്തം കംപ്യൂട്ടറുകളിലും റൂട്ടറുകളിലും അതിക്രമിച്ചു കടക്കുന്നതിനായി എൻഎസ്എ (NSA) സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറിലെ സുരക്ഷ ദൗർബല്യങ്ങൾ ഉപയോഗിക്കുക മാത്രമല്ല അവ നിർമിക്കുകയും ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയർ നമ്മുടെ സ്വന്തം കംപ്യൂട്ടറിന്റെ നിയന്ത്രണം നമുക്കു പ്രദാനം ചെയ്യുന്നു, പക്ഷേ ഒരിക്കൽ ഇന്റർനെറ്റിൽ കാലു വെച്ചാൽ പിന്നെ അതു നമ്മുടെ സ്വകാര്യതയെ സംരക്ഷിക്കില്ല.

യുഎസിൽ “ആഭ്യന്തര സർവേയിലൻസ് അധികാരങ്ങൾ വെട്ടിച്ചുരുക്കുവാനായി” ഉഭയകക്ഷി നിയമനിർമാണ പദ്ധതികൾ തയ്യാറാക്കപ്പെടുന്നുണ്ടു്, പക്ഷേ നമ്മുടെ ‍ഡിജിറ്റൽ റെക്കോർഡുകൾ സർക്കാർ ഉപയോഗിക്കുന്നതിനെ പരിമിതപ്പെടുത്തുന്നതിലാണു് ഇതു വിശ്വാസമർപ്പിക്കുന്നതു്. “വിസിൽബ്ലോവറെ പിടിക്കുന്നതു്” അവനെ അല്ലെങ്കിൽ അവളെ തിരിച്ചറിയുന്നതിനുള്ള മതിയായ മാർഗങ്ങൾക്കു് വഴിയൊരുക്കുന്നെങ്കിൽ വിസിൽബ്ലോവർമാരെ സംരക്ഷിക്കുവാൻ അതു പര്യാപ്തമല്ല. നാം ഇതിനുമപ്പുറത്തേക്കു ചിന്തിക്കേണ്ടതുണ്ടു്.

ജനാധിപത്യത്തിൽ സർവേയിലൻസിനുള്ള കൂടിയ പരിധി

കുറ്റകൃത്യങ്ങളും കള്ളത്തരങ്ങളും വെളിപ്പെടുത്താൻ വിസിൽബ്ലോവർമാർ മുതിരുന്നില്ലെങ്കിൽ, നമ്മുടെ സർക്കാരിനും സ്ഥാപനങ്ങൾക്കും മുകളിലുള്ള ഫലപ്രദമായ നിയന്ത്രണത്തിന്റെ അവസാന ശകലം നമുക്കു നഷ്ടപ്പെടുന്നു. അതുകാരണമാണു് ആരു് ഒരു പത്രറിപ്പോർട്ടറുമായി സംസാരിച്ചുവെന്നതു കണ്ടെത്താൻ ഭരണകൂടത്തിനു കഴിയുന്ന തരത്തിലുള്ള സർവേയിലൻസ് സഹിക്കാവുന്നതിലുമപ്പുറമുള്ള സർവേയിലൻസാകുന്നതു്— ജനാധിപത്യത്തിനു താങ്ങാവുന്നതിലുമപ്പുറം.

റിപ്പോർട്ടർമാരോടു കോടതിയിൽ ഹാജരാകാൻ ഉത്തരവിടില്ല കാരണം “നിങ്ങളാരോടാണു സംസാരിക്കുന്നതെന്നു ഞങ്ങൾക്കറിയാം” എന്നാണു് 2011-ൽ ഒരു പേരില്ലാത്ത യു.എസ്. സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോടു് ആപത് സൂചന നല്കുന്ന തരത്തിൽ പറഞ്ഞതു്. ചിലപ്പോഴൊക്കെ ഇതു കണ്ടുപിടിക്കാൻ മാധ്യമപ്രവർത്തകരുടെ ഫോൺ കോൾ റെക്കോർഡുകൾ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടാറുണ്ടു്, എന്നാൽ ഫലത്തിൽ യുഎസിലെ എല്ലാവരുടെയും എല്ലാ ഫോൺ കോൾ റെക്കോർഡുകളും എല്ലാ കാലത്തും വെരിസോണിൽ നിന്നും മാത്രമല്ല മറ്റു കമ്പനികളിൽ നിന്നും ഒക്കെ കോടതിയിൽ ഹാജരാക്കപ്പെടാൻ അവർ ഉത്തരവിടാറുണ്ടെന്നു സ്നോഡൻ നമുക്കു കാണിച്ചുതന്നു.

പ്രതിപക്ഷത്തിന്റെയും വിമതരുടെയും പ്രവർത്തനങ്ങൾ അവരിൽ കുതന്ത്രങ്ങൾ മെനയാൻ തയ്യാറുള്ള ഭരണകൂടത്തിൽ നിന്നും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടു്. തീവ്രവാദികളുണ്ടായേക്കാമെന്ന മുടന്തൻ ന്യായത്തോടെയുള്ള യു.എസ്. സർക്കാരിന്റെ, സമാധാനപ്രിയരായ വിമത ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറാനുള്ള വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ എസിഎൽയു (ACLU)1 വിശദീകരിച്ചിട്ടുണ്ടു്. അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനോടോ മാധ്യമപ്രവർത്തകയോടോ അതുമല്ലെങ്കിൽ അറിയപ്പെടുന്ന വിമതനോടോ വിമതയോടോ ആരു സംസാരിക്കുന്നുവെന്നു ഭരണകൂടത്തിനു കണ്ടെത്താൻ സാധിക്കുന്നിടത്തു് സർവേയിലൻസ് അതിരുകടക്കുന്നു.

വിവരങ്ങൾ, ഒരിക്കൽ ശേഖരിച്ചാൽ പിന്നെ, ദുരുപയോഗം ചെയ്യപ്പെടുന്നു

പൊതുവായ സർവേയിലൻസിന്റെ തോതു് വളരെ കൂടുതലാണെന്നു് ആളുകൾ തിരിച്ചറയുമ്പോഴുള്ള ആദ്യ പ്രതികരണം സ്വരൂപിച്ചിട്ടുള്ള ഡാറ്റയുടെ ലഭ്യതയിൽ പരിമിതികൾ നിർദ്ദേശിക്കുക എന്നതാണു്. അതു നല്ലതായി തോന്നാം, എന്നാൽ ഇതു ചെറുതായി പോലും പ്രശ്നം പരിഹരിക്കില്ല, മാത്രമല്ല ഈ നിയമങ്ങൾ സർക്കാർ അനുസരിക്കുന്നുവെന്നു സങ്കല്പിക്കുകയും ചെയ്യുന്നു. (എൻഎസ്എക്കു് (NSA) ഫലപ്രദമായി ഉത്തരവാദിത്വം വഹിക്കാൻ കഴിയുമായിരുന്നില്ല എന്നു പറഞ്ഞുകൊണ്ടു് ഫിസ (FISA),2 കോടതിയെ എൻഎസ്എ (NSA) തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടു്.) ഒരു കുറ്റകൃത്യം സംശയാസ്പദമാകുമ്പോൾ അതു് ഡാറ്റ ലഭ്യമാക്കാനുള്ള വഴിയൊരുക്കും, അതായതു് ഒരിക്കൽ ഒരു വിസിൽബ്ലോവറുടെ മേൽ “ചാരവൃത്തി” ആരോപിക്കപ്പെട്ടാൽ, സ്വരൂപിച്ചിട്ടുള്ള ഡാറ്റ ലഭ്യമാക്കുന്നതിനു് “ചാരനെ അല്ലെങ്കിൽ ചാരയെ” പിടിക്കുക എന്ന ഒഴിവുകഴിവു് നല്കും.

ഫലത്തിൽ, സർവേയിലൻസ് ഡാറ്റ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള നിയമങ്ങളനുസരിക്കുന്ന തരത്തിൽ മുടന്തൻ ന്യായങ്ങൾ ഉണ്ടാക്കുക എന്നതു പോലും ഭരണകൂട ഏജൻസികളിൽ നിന്നും നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയില്ല—കാരണം യുഎസ് ഏജൻസികൾ ഇതിനുമുൻപേ തന്നെ നിയമങ്ങൾ മറച്ചുവെക്കാനായി കള്ളം പറഞ്ഞിരിക്കുന്നു.ഈ നിയമങ്ങൾ ഒന്നും ഗൗരവമായി അനുസരിക്കപ്പെടാനുള്ളതല്ല; മറിച്ചു്, അവ നമുക്കിഷ്ടമുണ്ടെങ്കിൽ വിശ്വസിക്കാൻ കഴിയുന്ന ഒരു കെട്ടുകഥയാണു്.

ഇതു കൂടാതെ, ഭരണകൂടത്തിന്റെ സർവേയിലൻസ് ജീവനക്കാർ വ്യക്തിഗതമായ കാര്യങ്ങൾക്കു വേണ്ടി ഈ ഡാറ്റ ദുരുപയോഗം ചെയ്യുകയും ചെയ്യും. ചില എൻഎസ്എ ഏജന്റുകൾ തങ്ങളുടെ കമിതാക്കളെ പിന്തുടരുവാനായി യു.എസ്. സർവേയിലൻസ് സിസ്റ്റങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്—അവരുടെ ഭൂതം, വർത്തമാനം, അല്ലെങ്കിൽ ആഗ്രഹങ്ങൾ അറിയുവാനായി— ഇതിനെ “ലവ്ഇന്റ് (LOVEINT)” എന്നാണു വിളിക്കുന്നതു്. ഏതാനും തവണ ഇതു പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണു് എൻഎസ്എ പറയുന്നതു്; എത്രവട്ടം ഇതു പിടിക്കപ്പെടാതെ പോയിട്ടുണ്ടെന്നു നമുക്കറിയില്ല. പക്ഷേ ഇതൊന്നും നമ്മളെ ആശ്ചര്യപ്പെടുത്തുന്നവയല്ല, കാരണം പോലീസുകാർ ഡ്രൈവിങ് ലൈസൻസ് റെക്കോർഡുകൾ ഉപയോഗിക്കാനുള്ള അനുവാദം ഉപയോഗിച്ചു് ആകർഷണം തോന്നിയവരെ പിന്തുടർന്നു കണ്ടുപിടിക്കാൻ തുടങ്ങിയിട്ടു് നാളുകളായി, ഇതു് “ഡേറ്റിനു വേണ്ടി ഒരു ലൈസൻസ് പ്ലേറ്റു പ്രവർത്തിപ്പിക്കുക (running a plate for a date) ” എന്നാണറിയപ്പെടുന്നതു്. പുതിയ ഡിജിറ്റൽ സിസ്റ്റങ്ങളിലൂടെ ഈ രീതി വിപുലീകരിക്കപ്പെട്ടിട്ടുണ്ടു്. 2016 ൽ, പ്രണയഭ്രമത്തിനു പാത്രമായ ഒരാളെ വയർടാപ്പുചെയ്യാനുള്ള അനുമതിക്കായി ഒരു അഭിഭാഷക, ന്യായാധിപന്റെ ഒപ്പു കെട്ടിച്ചമച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ടു്. യുഎസിൽ തന്നെ നടന്നിട്ടുള്ള മറ്റു പല ഉദാഹരണങ്ങളും എപിയ്ക്കു് (AP) അറിയാം.

നിരോധിതമാണെന്നിരിക്കിലും, സർവേയിലൻസ് ഡാറ്റ എപ്പോഴും മറ്റു് ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടും. ഒരിക്കൽ ഈ ഡാറ്റ സ്വരൂപിച്ചു കഴിഞ്ഞാൽ പിന്നെ ഭരണകൂടത്തിനു് അതു ലഭ്യമാകാൻ സാധ്യതയുമുണ്ടെങ്കിൽ, ആ ഡാറ്റ ഭീകരമായ വഴികളിലൂടെ ദുരുപയോഗപ്പെടുത്താൻ കഴിയും, യൂറോപ്പ്, യുഎസ്, കൂടാതെ ഈ അടുത്തു് തുർക്കി എന്നിവടങ്ങളിൽ നിന്നുമുള്ള ഉദാഹരണങ്ങളിൽ കാണുന്നതു പോലെ. (ആരാണു് ശരിക്കും ബൈലോക്ക് പ്രോഗ്രാം ഉപയോഗിച്ചതു് എന്നതിനെക്കുറിച്ചുള്ള തുർക്കിയുടെ ആശയക്കുഴപ്പം, അതുപയോഗിച്ചതിനു് തോന്നിയപോലെ ജനങ്ങളെ ശിക്ഷിക്കുന്ന, സ്വതവേയുള്ള അടിസ്ഥാനപരമായ അന്യായത്തെ വഷളാക്കിയെന്നു മാത്രം.)

ഭരണകൂടം ശേഖരിച്ചുവെച്ചിരിക്കുന്ന വ്യക്തിപരമായ ഡാറ്റ പുറത്തുള്ള ക്രാക്കർമാർക്കു ലഭ്യമാകാനും, ശത്രുപക്ഷത്തുള്ള ഭരണകൂടത്തിനു വേണ്ടി പണിയെടുക്കുന്ന ക്രാക്കർമാർക്കുവരെ ഇതു ലഭിക്കാനും, അതുവഴി സെർവറുകളുടെ സുരക്ഷിതത്വത്തിനു തകർച്ചയുണ്ടാകുവാനും സാധ്യതയുണ്ടു്.

വലിയതോതിലുള്ള സർവേയിലൻസ് ശേഷി ഉപയോഗിച്ചു് ജനാധിപത്യത്തെ കയ്യോടെ അട്ടിമറിക്കാൻ സർക്കാരുകൾക്കു് അനായാസം കഴിയും.

ഒരു ഭരണകൂടത്തിനു പ്രാപ്യമായ സമ്പൂർണ സർവേയിലൻസ് ആ ഭരണകൂടത്തെ ഏതൊരു വ്യക്തിയെയും കുടുക്കിലാക്കുന്ന തരത്തിൽ വലിയ തോതിലുള്ള അന്വേഷണങ്ങൾ സമാരംഭിക്കാൻ പ്രാപ്തമാക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെയും ജനാധിപത്യത്തിന്റെയും സുരക്ഷിതത്വത്തിനു്, ഭരണകൂടത്തിനു് എളുപ്പത്തിൽ ലഭ്യമാകുന്ന ഡാറ്റയുടെ ശേഖരണം നമ്മൾ നിയന്ത്രിക്കണം.

സ്വകാര്യതയ്ക്കായുള്ള കരുത്തുള്ള പരിരക്ഷ സാങ്കേതികമായിരിക്കണം

ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷനും മറ്റു സംഘടനകളും ചേർന്നു് വലിയ തോതിലുള്ള സർവേയിലൻസിന്റെ ദുർവിനിയോഗം തടയുവാനായി ഒരു കൂട്ടം നിയമ സിദ്ധാന്തങ്ങൾ രൂപകല്പന ചെയ്തു മുന്നോട്ടു വെയ്ക്കുന്നു. വിസിൽബ്ലോവർമാർക്കു വേണ്ടിയുള്ള നിർണ്ണായകവും വ്യക്തവുമായ നിയമ പരിരക്ഷ ഈ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നു; അതു കാരണം, ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനു് അവ പര്യാപ്തമാകും—പൂർണമായും സ്വീകരിച്ചു് ഒന്നിനെയും ഒഴിച്ചുനിർത്താതെ എന്നന്നേക്കുമായി നടപ്പിലാക്കുകയാണെങ്കിൽ.

എന്നിരുന്നാലും, അത്തരം നിയമ പരിരക്ഷകൾ അസ്ഥിരമാണു് എന്നാണു് സമീപകാല ചരിത്രം കാണിച്ചുതരുന്നതു്, അവ റദ്ദുചെയ്യപ്പെടാം (ഫിസ (FISA) അമെന്റ്മെന്റ് ആക്ടിലേതു പോലെ), മാറ്റി വെയ്ക്കപ്പെടാം, അല്ലെങ്കിൽ അവഗണിക്കപ്പെടാം.

അതേസമയം, ജനങ്ങളെ മുതലെടുക്കുന്ന നേതാക്കന്മാർ സമ്പൂർണ സർവേയിലൻസിനു വേണ്ടി മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യും; ഏതെങ്കിലും തീവ്രവാദി ആക്രമണം, വളരെ ചുരുക്കം ആൾക്കാർ കൊല്ലപ്പെട്ടിട്ടുള്ള ഒന്നാണെങ്കിൽ പോലും അതു് ഊതിവീർപ്പിച്ചു് അതിനെ ഒരവസരമാക്കി മാറ്റും.

ഡാറ്റയുടെ ലഭ്യതയിലുള്ള നിയന്ത്രണം മാറ്റി വെക്കുകയാണെങ്കിൽ, അവ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ ആയിരിക്കും: വർഷങ്ങളുടെ വിലയുള്ള വ്യക്തിഗത ഫയലുകൾ പെട്ടെന്നു് ഭരണകൂടത്തിനും അതിന്റെ ഏജന്റുകൾക്കും ദുരുപയോഗം ചെയ്യാനായി ലഭ്യമാകും, കമ്പനികളാണിതു ശേഖരിക്കുന്നതെങ്കിൽ അവരുടെ തന്നെ സ്വകാര്യ ദുരുപയോഗങ്ങൾക്കാവും ഇതു പാത്രമാവുക. എന്തിരുന്നാലും, വ്യക്തിഗത ഫയലുകളുടെ ശേഖരണം നമ്മൾ നിർത്തുകയാണെങ്കിൽ, ആ ഫയലുകൾ നിലനിൽക്കില്ല, മാത്രമല്ല മുൻകാലടിസ്ഥാനത്തിൽ അവയെ സമാഹരിക്കാനുള്ള ഒരു മാർഗവും ഉണ്ടാകില്ല. ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു പുതിയ ഭരണവ്യവസ്ഥ സർവേയിലൻസിനെ പുതുതായി പ്രയോഗത്തിൽ വരുത്തിയാലും ആ തീയതി തൊട്ടുള്ള ഡാറ്റ മാത്രമേ ശേഖരിക്കപ്പെടുകയുള്ളു. ഈ നിയമത്തെ മാറ്റിനിർത്തുകയോ താത്ക്കാലികമായി അവഗണിക്കുകയോ ചെയ്താൽ ഈ ആശയം അർത്ഥവത്താകില്ല.

ഒന്നാമത്തെ കാര്യം, വിഡ്ഢിയാകരുതു്

സ്വകാര്യത ഉണ്ടായിരിക്കണമെങ്കിൽ നിങ്ങൾ അതു വലിച്ചെറിയാൻ പാടില്ല: നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ട ആദ്യ വ്യക്തി നിങ്ങൾ തന്നെയാണു്. വെബ്സൈറ്റുകളിൽ സ്വയം തിരിച്ചറിയുന്നതു് ഒഴിവാക്കുക, അവയെ തോർ (Tor) ഉപയോഗിച്ചു ബന്ധപ്പെടുക, കൂടാതെ സന്ദർശകരെ പിന്തുടരുന്ന തരത്തിലുള്ള സ്കീമുകൾ തടയുന്ന ബ്രൗസറുകൾ ഉപയോഗിക്കുക. ഗ്നു പ്രൈവസി ഗാർഡ് (GNU Privacy Guard) ഉപയോഗിച്ചു് ഇമെയിലുകൾ എൻക്രിപ്റ്റു ചെയ്യുക. സാധനങ്ങളുടെ വില പണം ഉപയോഗിച്ചു് അടക്കുക.

നിങ്ങളുടെ സ്വന്തം ഡാറ്റ നിങ്ങൾ തന്നെ സൂക്ഷിക്കുക; നിങ്ങളുടെ ഡാറ്റ ഒരു കമ്പനിയുടെ “സൌകര്യപ്രദമായ” സെർവറിൽ സംഭരിക്കാതിരിക്കുക. അപ്‍ലോഡു ചെയ്യുന്നതിനു മുമ്പു് ഫയലുകളെല്ലാം ഒരിടത്തു ശേഖരിച്ചു്, ആ ശേഖരം മുഴുവനും, ഫയലുകളുടെ പേരുകൾ ഉൾപ്പെടെ, നിങ്ങളുടെ സ്വന്തം കംപ്യൂട്ടറിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചു് എൻക്രിപ്റ്റു ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഡാറ്റ ബാക്ക്അപ് ഒരു വാണിജ്യപരമായ സർവീസിനെ വിശ്വസിച്ചേല്പിക്കുന്നതു് സുരക്ഷിതമാണു്.

സ്വകാര്യതയ്ക്കു വേണ്ടിയാണെങ്കിൽ നിങ്ങൾ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ പാടില്ല; നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം കമ്പനികൾക്കു നല്കുകയാണെങ്കിൽ, അവ നിങ്ങൾക്കു മേൽ ചാരപ്പണി ചെയ്യാൻ സാധ്യതയുണ്ടു്. സോഫ്റ്റ്‍വെയർ പകരക്കാരനെന്ന രീതിയിലുള്ള സേവനം (service as a software substitute) ഒഴിവാക്കുക; എങ്ങനെ നിങ്ങളുടെ കംപ്യൂട്ടിങ് പ്രവർത്തിക്കുന്നുവെന്നതിന്റെ നിയന്ത്രണം മറ്റുള്ളവർക്കു കൊടുക്കുന്നുവെന്നതു കൂടാതെ, പ്രസക്തമായ എല്ലാ ഡാറ്റയും കമ്പനിയുടെ സെർവറിലേക്കു കൈമാറാനും അതാവശ്യപ്പെടും.

നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സ്വകാര്യത കൂടി സംരക്ഷിക്കുക. അവരെ എങ്ങനെ ബന്ധപ്പെടണമെന്നതൊഴികെയുള്ള അവരുടെ ഒരു തരത്തിലുള്ള വ്യക്തിപരമായ വിവരങ്ങളും പരസ്യമായി നല്കാതിരിക്കുക, മാത്രമല്ല ഒരിക്കലും ഒരു വെബ്സൈറ്റിനും നിങ്ങളുടെ ഇമെയിലുകളുടെ പട്ടികയോ ഫോൺ നമ്പറുകളോ കൊടുക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ കുറിച്ചുള്ള, പത്രത്തിൽ കൊടുക്കാൻ അവർ ആഗ്രഹിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യവും ഫേസ്ബുക്കു പോലുള്ള കമ്പനികളോടു പറയരുതു്. ഇതിലും മെച്ചപ്പെട്ട രീതി, ഒരിക്കലും ഫേസ്ബുക്കിനാൽ ഉപയോഗിക്കപ്പെടാതിരിക്കുക എന്നതാണു്. നിങ്ങളുടെ പേരു് സന്തോഷപൂർവ്വം വെളിപ്പെടുത്താൻ തയ്യാറാണെങ്കിൽ കൂടി, യഥാർത്ഥ പേരാവശ്യപ്പെടുന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ നിരസിക്കുക, കാരണം മറ്റുള്ളവരുടെ സ്വകാര്യത അടിയറവു വെയ്ക്കുവാൻ അവർ സമ്മർദ്ദം ചെലുത്തുന്നു.

ആത്മരക്ഷ അത്യന്താപേക്ഷിതമാണു്, എന്നാൽ നിങ്ങളുടേതല്ലാത്ത സിസ്റ്റങ്ങളിൽ അല്ലെങ്കിൽ അതിൽ നിന്നും നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നതിനു് ഏറ്റവും കർശനമായ ആത്മരക്ഷ സംവിധാനം പോലും പര്യാപ്തമല്ല. മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യുമ്പോഴും നഗരം ചുറ്റുമ്പോഴുമൊക്കെ നമ്മുടെ സ്വകാര്യത സമൂഹത്തിന്റെ രീതികളെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ആശയവിനിമയങ്ങളും ചലനങ്ങളും ഒളിഞ്ഞുനോക്കുന്ന ചില സിസ്റ്റങ്ങളെ ഒഴിവാക്കാൻ നമുക്കു കഴിയും, എന്നാൽ പൂർണമായി ഒഴിവാക്കാൻ കഴിയുകയില്ല. നിയമത്തിനു മുന്നിൽ കുറ്റവാളിയാണെന്നു സംശയിക്കപ്പെടുന്നവർക്കൊഴികെ ബാക്കിയുള്ളവരുടെ മേലുള്ള സർവേയിലൻസ് നിർത്തുക എന്നതാണു തീർച്ചയായും ഇതിനുള്ള മികച്ച പരിഹാരം.

എല്ലാ സിസ്റ്റവും സ്വകാര്യതയ്ക്കായി രൂപകല്പന ചെയ്യണം

ഒരു സമ്പൂർണ സർവേയിലൻസ് സമൂഹം നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, സർവേയിലൻസിനെ ഒരു തരത്തിലുള്ള സാമൂഹ്യ മലിനീകരണമായി നമ്മൾ കണക്കാക്കണം, ഭൗതിക നിർമ്മിതികൾ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യഘാതങ്ങൾ പരിമിതപ്പെടുത്തുന്നതുപോലെ തന്നെ പുതിയ ഓരോ ഡിജിറ്റൽ സിസ്റ്റങ്ങളിലും സർവേയിലൻസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിയന്ത്രിക്കണം.

ഉദാഹരണത്തിനു്: “സ്മാർട്ട്” മീറ്ററുകൾ ഓരോ ഉപഭോക്താവിന്റെയും വൈദ്യുതോപയോഗ ഡാറ്റ, മറ്റു ഉപയോക്താക്കളുമായുള്ള താരതമ്യവും ഉൾപ്പെടെ ഓരോ നിമിഷവും വൈദ്യുത കമ്പനിക്കയക്കുന്നു. ഒരു തരത്തിലുള്ള സർവേയിലൻസും ആവശ്യമില്ലെങ്കിൽ പോലും ഇതു് പൊതു സർവേയിലൻസിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നതാണു്. ആകെയുള്ള ഉപയോഗത്തെ വരിക്കാരുടെ എണ്ണം കൊണ്ടു ഹരിച്ചു്, സ്ഥിരതാമസമുള്ള പ്രദേശങ്ങളിലെ ശരാശരി ഉപയോഗം വൈദ്യുത കമ്പനികൾക്കു് എളുപ്പത്തിൽ കണക്കാക്കുവാൻ കഴിയും, അതിനുശേഷം അതിന്റെ ഫലം മീറ്ററുകളിലേക്കു് അയച്ചാൽ മതിയാകും. ഓരോ ഉപഭോക്താവിന്റെയും മീറ്ററിനു് അവളുടെ ഉപയോഗത്തെ, ആവശ്യമായ ഏതു കാലയളവിലും, ആ കാലയളവിലെ ശരാശരി ഉപയോഗ ക്രമവുമായി താരതമ്യം ചെയ്യാവുന്നതാണു്. ഒരു സർവേയിലൻസും ഇല്ലാതെ അതേ നേട്ടം!

ഈ തരത്തിലുള്ള സ്വകാര്യത നമ്മുടെ എല്ലാ ഡിജിറ്റൽ സിസ്റ്റങ്ങളിലും രൂപകല്പന ചെയ്യേണ്ടതായിട്ടുണ്ടു് [1].

ഡാറ്റ ശേഖരിക്കുന്നതിനുള്ള പ്രതിവിധി: പലയിടങ്ങളിലായി സൂക്ഷിക്കുക

ഡാറ്റ പലയിടത്തായി ഇടുകയും അതു മറ്റുള്ളവർക്കു ലഭ്യമാക്കുന്നതിനു് അസൌകര്യം ഉണ്ടാക്കുകയും ചെയ്യുക എന്നതാണു് സ്വകാര്യതയെ സംരക്ഷിക്കാനുള്ള ഒരു മാർഗം. പഴയ രീതിയിലുള്ള സെക്യൂരിറ്റി ക്യാമറകൾ സ്വകാര്യതയ്ക്കു് ഒരു ഭീഷണി ആയിരുന്നില്ല(*). റെക്കോർഡിങ്ങുകൾ അതിന്റെ സമീപപ്രദേശത്തു തന്നെ ശേഖരിച്ചു വെക്കുകയും പരമാവധി ഏതാനും ആഴ്ചകൾ മാത്രം അവ സൂക്ഷിച്ചുവെക്കുകയും ആണു ചെയ്തിരുന്നതു്. ഈ റെക്കോർഡിങ്ങുകൾ മുഴുവനും ലഭ്യമാക്കുന്നതു് അസൌകര്യം സൃഷ്ടിക്കുന്നതു കൊണ്ടു് ഇതൊരിക്കലും ഭീമമായ തോതിൽ ചെയ്തിരുന്നില്ല; എന്തെങ്കിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ഇടങ്ങളിൽ മാത്രമാണു് അവ ഉപയോഗപ്പെടുത്തിയിരുന്നതു്. ലക്ഷക്കണക്കിനു ടേപ്പുകൾ എല്ലാ ദിവസവും ശേഖരിച്ചു് അവയെല്ലാം നിരീക്ഷിക്കുക അല്ലെങ്കിൽ പകർത്തുക എന്നതു് പ്രായോഗികമായ കാര്യമല്ല.

ഇന്നത്തെ കാലത്തു്, സെക്യൂരിറ്റി ക്യാമറകൾ സർവേയിലൻസ് ക്യാമറകൾ ആയി മാറി: അവ ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടു, അതായതു് റെക്കോർഡിങ്ങുകൾ ഡാറ്റ സെന്ററുകളിൽ ശേഖരിക്കുകയും എന്നന്നേക്കുമായി സേവു ചെയ്യാൻ കഴിയുകയും ചെയ്യുന്നു. ഡിട്രോയിറ്റിൽ, സർവേയിലൻസ് ക്യാമറകളുമായി ബന്ധപ്പെട്ടുള്ള അനിയന്ത്രിതമായ അനുമതികൾക്കായി പോലീസുകാർ വ്യാപാരികളുടെ മുകളിൽ സമ്മർദ്ദം ചെലുത്തിയതു കൊണ്ടു് അവർക്കു് എപ്പോൾ വേണമെങ്കിലും ഏതു ക്യാമറ ദൃശ്യങ്ങൾ വേണമെങ്കിലും നിരീക്ഷിക്കാം. സർവേയിലൻസ് ക്യാമറകൾ തന്നെ ഒരപായമാണു്, എന്നാൽ ഈ പ്രവൃത്തി കാരണം അതു വീണ്ടും വഷളാകാൻ പോകുന്നു. മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയിലെ പുരോഗതി, കുറ്റക്കാരെന്നു സംശയിക്കപ്പെടുന്ന മാധ്യമപ്രവർത്തകരെ എല്ലാ സമയത്തും അവർ പോകുന്ന തെരുവുകളിലെല്ലാം പിന്തുടരാനും അവർ ആരോടാണു സംസാരിക്കുന്നതെന്നു കാണാനും ഉപയോഗിക്കപ്പെടുന്ന ഒരു ദിവസത്തിലെത്തിച്ചേക്കാം.

പൊതുവേ ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകൾക്കു് അയഞ്ഞ തരത്തിലുള്ള ഡിജിറ്റൽ സുരക്ഷയാണുണ്ടാകാറുള്ളതു്, അതായതു് ആ ക്യാമറകൾ എന്തു കാണുന്നുവെന്നതു് ആർക്കു വേണമെങ്കിലും നിരീക്ഷിക്കാം. ഇതു് ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകളെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും എതിരെയുള്ള ഒരു പ്രധാന ഭീഷണിയാക്കുന്നു. സ്വകാര്യതയ്ക്കു വേണ്ടി, പൊതുജനങ്ങൾ എപ്പോൾ എവിടെയാണുള്ളതു് എന്നു ലക്ഷ്യമാക്കുന്ന ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ക്യാമറകളെ, ജനങ്ങൾ കൊണ്ടുനടക്കുന്നവയൊഴികെയുള്ളവയെ, നമ്മൾ നിർബന്ധമായും നിരോധിക്കണം. ഇടയ്ക്കൊക്കെ ഫോട്ടോകളും വീഡിയൊ റെക്കോർഡുകളും പോസ്റ്റു ചെയ്യുന്നതിനു് എല്ലാവരും സ്വതന്ത്രരായിരിക്കണം, എന്നാൽ ഇത്തരം ഡാറ്റ പടിപടിയായി ഇന്റർനെറ്റിൽ സ്വരൂപിക്കപ്പെടുന്നതു് നിയന്ത്രിക്കപ്പെടണം.

(*) സെക്യൂരിറ്റി ക്യാമറകൾ ഒരു കടയിലേക്കോ തെരുവിലേക്കോ ലക്ഷ്യമാക്കിയിരിക്കുന്നുവെന്നാണു് ഞാനിവിടെ അനുമാനിക്കുന്നതു്. ഏതെങ്കിലും ക്യാമറ ആരെങ്കിലും മറ്റൊരാളുടെ സ്വകാര്യ ചുറ്റുപാടിലേക്കു ലക്ഷ്യമാക്കി വെച്ചിരിക്കുകയാണെങ്കിൽ അതു സ്വകാര്യതയ്ക്കെതിരാണു്, എന്നാൽ അതു് വേറൊരു പ്രശ്നമാണു്.

വാണിജ്യപരമായ ഇന്റർനെറ്റു സർവേയിലൻസിനുള്ള പ്രതിവിധി

ഡാറ്റ ശേഖരത്തിന്റെ ഏറിയ പങ്കും ജനങ്ങളുടെ സ്വന്തം ഡിജിറ്റൽ പ്രവർത്തനങ്ങളിൽ നിന്നും വരുന്നതാണു്. സാധാരണയായി കമ്പനികളാണു് ആദ്യം ആ ഡാറ്റ ശേഖരിക്കുന്നതു്. എന്നാൽ സ്വകാര്യതയും ജനാധിപത്യവും നേരിടുന്ന ഭീഷണിയുടെ കാര്യത്തിൽ, ഭരണകൂടം നേരിട്ടു സർവേയിലൻസ് നടത്തുന്നതെന്നോ പുറത്തുനിന്നുള്ള ഒരു വ്യപാരത്തിൽ നിന്നും കരാർ പ്രകാരം നടത്തുന്നതെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല, കാരണം കമ്പനികൾ ശേഖരിച്ച ഡാറ്റ യഥാക്രമം ഭരണകൂടത്തിനു ലഭ്യമാകും.

പ്രിസം (PRISM) പ്രോഗ്രാം വഴി, എൻഎസ്എ, പല ഭീമൻ ഇന്റർനെറ്റ് കോർപ്പറേഷനുകളുടെ ഡാറ്റബേസിലേക്കും കടന്നുചെന്നിട്ടുണ്ടു്. എടിആന്റ്ടി (AT&T) 1987 മുതലുള്ള എല്ലാ ഫോൺ കോളുകളുടെ റെക്കോർഡുകളും സേവു ചെയ്തു വെച്ചിട്ടുണ്ടു് എന്നുമാത്രമല്ല അപേക്ഷകൾക്കനുസരിച്ചു് തിരച്ചിൽ നടത്താനായി ഡിഇഎയ്ക്കു് (DEA) അതു ലഭ്യമാക്കിയിട്ടുമുണ്ടു്. കൃത്യമായി പറഞ്ഞാൽ, ആ ഡാറ്റ യു.എസ്. ഗവൺമെന്റിന്റെ കൈവശമല്ല, എന്നാൽ പ്രായോഗികമായി ചിന്തിക്കുമ്പോൾ അതു് അവർ കൈവശത്താക്കിയേക്കാം. ചില കമ്പനികൾ സർക്കാരിന്റെ ഡാറ്റയ്ക്കു വേണ്ടിയുള്ള അപേക്ഷയെ അവർക്കു കഴിയുന്നിടത്തോളം പ്രതിരോധിച്ചതിനു് പ്രശംസിക്കപ്പെട്ടിട്ടുണ്ടു്, എന്നാൽ ഡാറ്റ ശേഖരണത്തിലൂടെ അവരുണ്ടാക്കുന്ന ഹാനിക്കു് ഭാഗികമായ ഒരു നഷ്ടപരിഹാരം മാത്രമാണതു്. ഇതു കൂടാതെ, ഈ കമ്പനികളിൽ പലതും ആ ഡാറ്റയെ നേരിട്ടോ ഡാറ്റ ബ്രോക്കർമാർക്കു നല്കിയോ ദുരുപയോഗം ചെയ്യുന്നു.

മാധ്യമപ്രവർത്തനവും ജനാധിപത്യവും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ ഭരണകൂടം മാത്രമല്ല ഏതു സംഘടനയും ജനങ്ങളെ കുറിച്ചു ശേഖരിക്കുന്ന ഡാറ്റയുടെ തോതു് കുറയ്ക്കേണ്ടതുണ്ടു്. ഉപയോക്താക്കളെ കുറിച്ചു ഡാറ്റ ശേഖരിക്കുന്ന ഡിജിറ്റൽ സിസ്റ്റങ്ങളെ നമ്മൾ പുനർരൂപകല്പനയ്ക്കു വിധേയമാക്കണം. നമ്മുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡിജിറ്റൽ ഡാറ്റ അവർക്കാവശ്യമാണെങ്കിൽ, നമ്മളുമായുള്ള ഇടപാടുകൾക്കു് സ്വാഭാവികമായി ആവശ്യമുള്ളത്രയും സമയത്തിൽ കൂടുതൽ അതു കൈവശം വെക്കുവാൻ അവരെ അനുവദിക്കാൻ പാടില്ല.

ഇന്റർനെറ്റിൽ ഇന്നു കാണുന്ന തോതിലുള്ള സർവേയിലൻസിനുള്ള പ്രചോദനങ്ങളിൽ ഒന്നു് ഉപയോക്താക്കളുടെ പ്രവർത്തനങ്ങളും താത്പര്യങ്ങളും പിന്തുടർന്നു് അതിനെ അടിസ്ഥാനമാക്കി പരസ്യം ചെയ്യുന്നതിലൂടെ സൈറ്റുകൾക്കു പണം ലഭിക്കുന്നുവെന്നതാണു്. അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും വെറുമൊരു സ്വൈര്യക്കേടിനെ—അവഗണിക്കാനായി പഠിക്കാൻ നമുക്കു സാധിക്കുന്ന പരസ്യം—നമ്മളെ പ്രശ്നത്തിലാക്കുന്ന സർവേയിലൻസ് സിസ്റ്റമാക്കി ഇതു് മാറ്റുന്നു. ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുന്നതിലൂടെയും ഉപയോക്താക്കൾ ട്രാക്കു ചെയ്യപ്പെടുന്നു. മാത്രമല്ല “പ്രൈവസി പോളിസികൾ” സ്വകാര്യതയെ പിന്തുണയ്ക്കുന്നതിനായി പ്രതിബദ്ധത കാണിക്കുന്നതിലും കൂടുതൽ അവ സ്വകാര്യതയെ ലംഘിക്കാനുള്ള ഒട്ടേറെ ഒഴിവുകഴിവുകളാണെന്നു് നമുക്കെല്ലാം ബോധ്യമുണ്ടു താനും.

അജ്ഞാതമായി പണമടക്കുന്നതിനുള്ള ഒരു സിസ്റ്റം സ്വീകരിച്ചുകൊണ്ടു് ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്കു കഴിയും—പണമടക്കുന്നയാളാണു് അജ്ഞാതൻ (പണം സ്വീകരിക്കുന്ന ആളെ നികുതിയിൽ കൃത്രിമം കാണിക്കുന്നതിൽ സഹായിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല). ബിറ്റ്കോയിൻ അജ്ഞാതമായി ചെയ്യാവുന്നതല്ല, എങ്കിലും ബിറ്റ്കോയിൻ ഉപയോഗിച്ചു് അജ്ഞാതമായി പണമടക്കാനുള്ള വഴികൾ ഡവലപ്പു ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടു്. എന്തിരുന്നാലും, ഡിജിറ്റൽ പണം ആദ്യമായി ഡവലപ്പു ചെയ്തതു് 1980-കളിലാണു്; ഇതിനായുള്ള ഗ്നു സോഫ്റ്റ്‍വെയറിനെ ഗ്നു റ്റാലർ (GNU Taler) എന്നാണു വിളിക്കുന്നതു്. ഇനി നമുക്കു വേണ്ടതു് വ്യാപാരത്തിനും ഭരണകൂടം അവയെ തടയാതിരിക്കുന്നതിനും അനുയോജ്യമായ സജ്ജീകരണങ്ങളാണു്.

അജ്ഞാതമായി വിലയടക്കുന്നതിനുള്ള മറ്റൊരു സാധ്യമായ മാർഗം പ്രീപെയ്ഡ് ഫോൺ കാർഡുകൾ ഉപയോഗിക്കുകയാണു്. ഇതു് അത്രയ്ക്കു സൌകര്യപ്രദമല്ലെങ്കിലും നടപ്പിലാക്കാൻ വളരെ എളുപ്പമാണു്.

സൈറ്റുകൾ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുന്നതിലുള്ള മറ്റൊരു ഭീഷണി സുരക്ഷ ഭേദകർ കടന്നുകൂടാമെന്നതാണു്, അവർ അതെടുക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒരു അജ്ഞാത വിലയടക്കൽ രീതി ഈ അപായം ഇല്ലാതാക്കും: സൈറ്റിനു് നിങ്ങളെ കുറിച്ചു് ഒന്നുമറിയില്ലെങ്കിൽ സൈറ്റിലെ ഒരു സുരക്ഷ വീഴ്ചയ്ക്കും നിങ്ങളെ നോവിക്കാൻ കഴിയില്ല.

യാത്രയുമായി ബന്ധപ്പെട്ട സർവേയിലൻസുകൾക്കുള്ള പ്രതിവിധി

ഡിജിറ്റൽ ടോൾ ശേഖരണത്തെ അജ്ഞാതമായി പണമടക്കുന്ന രീതിയിലേക്കു മാറ്റണം (ഉദാഹരണത്തിനു്, ഡിജിറ്റൽ പണമുപയോഗിച്ചു്). ലൈസൻസ്-പ്ലേറ്റ് തിരിച്ചറിയൽ സിസ്റ്റങ്ങൾ കാറുകളുടെ ലൈസൻസ് പ്ലേറ്റ് തിരിച്ചറിഞ്ഞു്, ആ ഡാറ്റ അനിശ്ചിതകാലത്തേക്കു് സൂക്ഷിച്ചു വെക്കുവാൻ സാധ്യതയുണ്ടു്; കോടതി ഉത്തരവുകൾ തിരയുന്ന കാറുകളുടെ പട്ടികയിലുള്ള ലൈസൻസ് നമ്പറുകൾ മാത്രം നിയമത്തിന്റെ ആവശ്യത്തിനനുസരിച്ചു് നിരീക്ഷിക്കപ്പെടുകയും റെക്കോർഡു ചെയ്യപ്പെടുകയും വേണം. കുറച്ചു സുരക്ഷിതത്വം കുറഞ്ഞ മറ്റൊരു മാർഗം ഇതാണു്, എല്ലാ കാറുകളും പ്രാദേശികമായി റെക്കോർഡു ചെയ്യുക, പക്ഷേ കുറച്ചു ദിവസത്തേക്കു മാത്രം, മാത്രമല്ല മുഴുവൻ ഡാറ്റയും ഇന്റർനെറ്റിൽ ലഭ്യമാക്കാതിരിക്കുക; കോടതി ഉത്തരവു ചെയ്തിട്ടുള്ള ലൈസൻസ് നമ്പറുകൾ മാത്രം ലഭ്യമാക്കുന്ന രീതിയിലേക്കു് ഇതിനെ നിർബന്ധമായും പരിമിതപ്പെടുത്തണം.

യു.എസിന്റെ “നോ-ഫ്ലൈ (no-fly)” പട്ടിക നിർബന്ധമായും ഇല്ലാതാക്കണം കാരണം ഇതു് വിചാരണ കൂടാതെ ശിക്ഷിക്കുന്ന രീതിയാണു്.

ആരുടെ വ്യക്തിയെയും ലഗേജിനെയുമാണോ കൂടുതൽ ശ്രദ്ധയോടെ തിരച്ചിൽ നടത്തേണ്ടതു് അവരുടെ പേരുകളുടെ ഒരു പട്ടിക ഉണ്ടാക്കുന്നതു് സ്വീകാര്യമാണു്, കൂടാതെ പ്രാദേശിക വിമാനങ്ങളിലെ പേരില്ലാത്ത യാത്രക്കാരെ ഈ പട്ടികയുടെ ഭാഗമെന്ന രീതിയിൽ കാണുന്നതും സാധ്യമാണു്. ഒരു രാജ്യത്തേക്കു കടക്കാനുള്ള അനുവാദമില്ലെങ്കിൽ, പൗരത്വമില്ലാത്തവരെ ആ രാജ്യത്തേക്കുള്ള വിമാനം കയറുന്നതിൽ നിന്നും തടയുന്നതും സ്വീകാര്യമാണു്. നിയമപരമായ എല്ലാ ആവശ്യങ്ങൾക്കും ഇത്രയും മതിയാകും.

പല വലിയ ട്രാൻസിറ്റ് സിസ്റ്റങ്ങളും പണമടക്കുന്നതിനായി ഒരു തരം സ്മാർട്ട് കാർഡ് അല്ലെങ്കിൽ ആർഎഫ്ഐഡികൾ (RFID) ഉപയോഗിക്കുന്നു. ഈ സിസ്റ്റങ്ങൾ വ്യക്തിപരമായ ഡാറ്റ സ്വരൂപിച്ചു വെക്കുന്നു: അബദ്ധത്തിലെങ്ങാനും നോട്ടോ നാണയമോ അല്ലാതെ മറ്റേതെങ്കിലും മാർഗത്തിൽ പണമടച്ചാൽപിന്നെ നിങ്ങളുടെ പേരു് ആ കാർഡുമായി എന്നന്നേക്കുമായി ബന്ധിപ്പിക്കും. ഇതും കൂടാതെ, ഓരോ കാർഡുമായും ബന്ധപ്പെട്ട എല്ലാ യാത്രകളും അവർ റെക്കോർഡു ചെയ്യും. മൊത്തത്തിൽ ഇതൊരു വമ്പൻ സർവേയിലൻസിനു തുല്യമാണു്. ഈ ഡാറ്റ ശേഖരണം നിർബന്ധമായും കുറയ്ക്കണം.

നാവിഗേഷൻ സർവീസുകൾ സർവേയിലൻസു ചെയ്യാറുണ്ടു്: ഉപയോക്താവിന്റെ കമ്പ്യൂട്ടർ ഭൂപട സേവനത്തോടു് ഉപയോക്താവിന്റെ സ്ഥാനവും ഉപയോക്താവു് എങ്ങോട്ടു പോകാനാഗ്രഹിക്കുന്നുവെന്നും പറയുന്നു; ശേഷം സെർവർ, പോകേണ്ട വഴി നിശ്ചയിച്ചു് ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്കു തിരിച്ചയക്കുന്നു, അതു സ്ക്രീനിൽ തെളിയുന്നു. ഇന്നത്തെ കാലത്തു്, ഉപയോക്താവിന്റെ സ്ഥാനങ്ങൾ സെർവർ റെക്കോർഡു ചെയ്യുന്നുണ്ടാവാം, കാരണം ഇതിനെ ഒന്നുംതന്നെ അങ്ങനെ ചെയ്യുന്നതിൽ നിന്നും തടയുന്നില്ല. ഈ സർവേയിലൻസ് സ്വഭാവികമായി ആവശ്യമുള്ളതല്ല, മാത്രമല്ല പുനർരൂപകല്പന ചെയ്യുന്നതിലൂടെ ഇതു് ഒഴിവാക്കാനും കഴിയും: പ്രസക്തമായ പ്രദേശങ്ങളുടെ ഡാറ്റ ഉപയോക്താവിന്റെ കംപ്യൂട്ടറിലെ സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിച്ചു് ഡൗൺലോഡു ചെയ്യുവാനും (മുൻകൂട്ടി ഡൗൺലോഡു ചെയ്തിട്ടില്ലെങ്കിൽ), വഴികൾ കംപ്യൂട്ടു ചെയ്യുവാനും, ഉപയോക്താവു് എവിടെ പോകുന്നുവെന്നോ പോകാനാഗ്രഹിക്കുന്നുവെന്നോ ഒരിക്കലും ആരോടും പറയാതെ അതു സ്ക്രീനിൽ കാണിക്കുവാനും കഴിയും.

സൈക്കിളുകൾ കടമെടുക്കുക തുടങ്ങിയ സിസ്റ്റങ്ങൾ, ആ വസ്തു കടമെടുത്തിട്ടുള്ളതെവിടെയാണോ ആ സ്റ്റേഷനകത്തു മാത്രം കടമെടുക്കുന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ രൂപകല്പന ചെയ്യാൻ കഴിയും. കടമെടുക്കുന്ന സമയത്തു് എല്ലാ സ്റ്റേഷനുകളെയും ആ വസ്തു പുറത്തു പോയിട്ടുണ്ടെന്നു് അറിയിക്കും, അതിലൂടെ ഉപയോക്താവു് ഏതെങ്കിലും സ്റ്റേഷനിൽ (പൊതുവേ, വ്യത്യസ്തമായ ഒന്നിൽ) അതു് തിരികെ നല്കുമ്പോൾ ആ സ്റ്റേഷനു് അതു് എവിടെ നിന്നും എപ്പോൾ കടമെടുത്തതാണെന്നുമറിയും. അതു് മറ്റു സ്റ്റേഷനുകളെയും ആ വസ്തു തിരിച്ചെത്തിയെന്നു് അറിയിക്കും. ഇതു് ഉപയോക്താവിന്റെ ബില്ലു കണക്കാക്കുകയും അതു സ്റ്റേഷനുകളുടെ ഒരു ശൃംഖലയിലൂടെ (കുറച്ചു സമയം കാത്തിരുന്നതിനു ശേഷം) പ്രധാന കേന്ദ്രത്തിലേക്കു് അയക്കുകയും ചെയ്യും, അതായതു് ഏതു സ്റ്റേഷനിൽ നിന്നാണു് ബില്ലു കിട്ടിയതെന്നു് പ്രധാന കേന്ദ്രത്തിനു കണ്ടെത്താൻ കഴിയില്ല. ഇതെല്ലാം ചെയ്തു കഴിഞ്ഞാൽ പിന്നെ മടക്കിവാങ്ങിയ സ്റ്റേഷൻ ഈ ഇടപാടുകളെല്ലാം മറക്കുന്നു. കടമെടുക്കപ്പെട്ട ഒരു വസ്തു കുറെ നാളത്തേക്കു തിരിച്ചു കിട്ടിയില്ലെങ്കിൽ, അതു കടമെടുത്തിട്ടുള്ള സ്റ്റേഷനു് പ്രധാന കേന്ദ്രത്തെ അറിയിക്കാവുന്നതാണു്; ആ സന്ദർഭത്തിൽ, ഉടനെ തന്നെ കടമെടുത്തയാളുടെ ഐഡന്റിറ്റി അയക്കുവാൻ കഴിയും.

വ്യക്തിഗത ആശയവിനിമയ ഫയലുകൾക്കുള്ള പരിഹാരം

ഇന്റർനെറ്റു സേവന ദായകരും ടെലിഫോൺ കമ്പനികളും അവരുടെ ഉപയോക്താക്കളുടെ കോണ്ടാക്ടുകളിൽ സമഗ്രമായ ഡാറ്റ സൂക്ഷിച്ചു വെക്കുന്നു (ബ്രൗസിങ്, ഫോൺ കോളുകൾ, തുടങ്ങിയവ). മൊബൈൽ ഫോണുകൾ ഉപയോഗിച്ചു്, ഉപയോക്താവിന്റെ സ്ഥാനവും അവർ റെക്കോർഡു ചെയ്യുന്നു. ഈ വ്യക്തിഗത ഫയലുകൾ ഒരുപാടു് കാലത്തേക്കു് അവർ സൂക്ഷിക്കുന്നു: എടിആന്റ്ടിയുടെ കാര്യത്തിൽ, 30 വർഷങ്ങൾക്കു മുകളിൽ. വൈകാതെ തന്നെ ഉപയോക്താക്കളുടെ ശാരീരിക പ്രവർത്തനങ്ങൾ പോലും അവർ റെക്കോർഡു ചെയ്യും. എൻഎസ്എ വലിയ തോതിൽ സെൽഫോൺ ഡാറ്റ ശേഖരിക്കുന്നതായും വെളിവാകുന്നു.

സിസ്റ്റങ്ങൾ വ്യക്തിഗത ഫയലുകൾ നിർമിക്കുന്നിടങ്ങളിൽ മേൽനോട്ടം കൂടാതെയുള്ള ആശയവിനിമയം അസാധ്യമാണു്. അതുകൊണ്ടു്, അവ നിർമിക്കുന്നതും സൂക്ഷിക്കുന്നതും നിയമവിരുദ്ധമാക്കണം. ഇന്റർനെറ്റ് സേവനദാതാക്കളെയും ഫോൺ കമ്പനികളെയും, ഒരു പ്രത്യേക കക്ഷിയെ സർവേയിലൻസിനു വിധേയമാക്കുന്നതിനുള്ള കോടതി ഉത്തരവൊന്നും ഇല്ലാതെ ഈ വിവരങ്ങൾ സൂക്ഷിക്കുവാൻ അനുവദിക്കരുതു്.

ഈ പരിഹാരം പൂർണമായും തൃപ്തികരമല്ല, കാരണം ഉത്പാദിപ്പിച്ച ഉടനെ തന്നെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിൽ നിന്നും സർക്കാരിനെ ഇതു തടയുകയില്ല—ഇതാണു് ചില അല്ലെങ്കിൽ എല്ലാ ഫോൺ കമ്പനികളും ഉപയോഗിച്ചു് യു.എസ്. ചെയ്യുന്നതു്. നിയമപരമായി അതു നിരോധിക്കുന്നതിൽ നമ്മൾ വിശ്വാസമർപ്പിക്കേണ്ടി വരും. എന്തിരുന്നാലും, ഇതിനു പ്രസക്തമായ നിയമം (PAT RIOT Act) ഈ പ്രവർത്തനത്തെ വ്യക്തതയോടുകൂടി നിരോധിക്കുന്നില്ല എന്നുള്ള ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഭേദമാണതു്. ഇതു കൂടാതെ, ഈ തരത്തിലുള്ള സർവേയിലൻസ് സർക്കാർ പുനരാരംഭിക്കുകയാണെങ്കിൽ പോലും, ആ സമയത്തിനു മുൻപുള്ള ഫോൺകോളുകളുടെ ഡാറ്റ അവർക്കു ലഭിക്കുകയില്ല.

ആരുമായി ഇമെയിൽ കൈമാറുന്നു എന്നതിലുള്ള സ്വകാര്യതയ്ക്കുവേണ്ടിയുള്ള ലളിതമായ ഒരു ഭാഗിക പരിഹാരം എന്തെന്നാൽ, നിങ്ങളുടെ സർക്കാരുമായി ഒരിക്കലും സഹകരിക്കാൻ സാധ്യതയില്ലാത്ത, തമ്മിൽ ആശയവിനിമയം ചെയ്യുമ്പോൾ എൻക്രിപ്ഷൻ ഉപയോഗിക്കുന്ന ഇമെയിൽ സേവനങ്ങൾ നിങ്ങളും മറ്റുള്ളവരും ഉപയോഗിക്കുക. എന്നിരുന്നാലും, ഒരു എൻക്രിപ്ഷൻ സിസ്റ്റത്തിനായുള്ള കൂടുതൽ സങ്കീർണ്ണമായ ആശയം ലാഡർ ലെവിഷനു് (യുഎസ് സർവേയിലൻസ് പൂർണമായും മലിനമാക്കാൻ ശ്രമിക്കുന്ന ലാവബിറ്റ് എന്ന മെയിൽ സേവനത്തിന്റെ ഉടമ) ഉണ്ടു്: എന്റെ ഇമെയിൽ സേവനത്തിലെ ഏതോ ഒരു ഉപയോക്താവിനു് നിങ്ങൾ ഒരു മെയിൽ അയച്ചുവെന്നു മാത്രം നിങ്ങളുടെ ഇമെയിൽ സേവനം അറിയും, മാത്രമല്ല എന്റെ ഇമെയിൽ സേവനത്തിനു് നിങ്ങളുടെ ഇമെയിൽ സേവനത്തിലെ ഏതോ ഒരു ഉപയോക്താവിൽ നിന്നും എനിക്കു മെയിൽ ലഭിച്ചു എന്നു മാത്രം അറിയും, എന്നാൽ താങ്കളാണു് എനിക്കു മെയിൽ അയച്ചതെന്നു് നിശ്ചയിക്കാൻ പ്രയാസമാണു്.

എന്നാൽ കുറച്ചൊക്കെ സർവേയിലൻസുകൾ ആവശ്യമാണു്

ഭരണകൂടത്തിനു് കുറ്റവാളികളെ കണ്ടെത്താനായി, ഒരു കോടതി ഉത്തരവു പ്രകാരം പ്രത്യേക കുറ്റകൃത്യങ്ങളെയോ, ആസൂത്രിത കുറ്റകൃത്യങ്ങളെയോ കുറിച്ചു് അന്വേഷിക്കേണ്ട ആവശ്യമുണ്ടു്. ഇന്റർനെറ്റു വഴി, ഫോൺ സംഭാഷണങ്ങൾ ടാപ്പു ചെയ്യുന്നതു് ഇന്റർനെറ്റ് കണക്ഷൻ തന്നെ ടാപ്പു ചെയ്യുന്നതിനുള്ള അധികാരത്തിലേക്കു് സ്വാഭാവികമായും വ്യാപിക്കുന്നു. ഈ അധികാരത്തെ രാഷ്ട്രീയമായ കാരണങ്ങളാൽ ദുർവ്വിനിയോഗം ചെയ്യാൻ എളുപ്പത്തിൽ കഴിയും, എന്നാൽ ഇതു് ആവശ്യമാണു താനും. ഭാഗ്യവശാൽ, കൃത്യത്തിനു ശേഷം വിസിൽബ്ലോവർമാരെ കണ്ടെത്താനുള്ള സാധ്യത ഇതുണ്ടാക്കില്ല, കൃത്യത്തിനു മുൻപു് (ഞാൻ നേരത്തെ നിർദ്ദേശിച്ചതു പോലെ) ഡിജിറ്റൽ സിസ്റ്റങ്ങളിൽ വൻതോതിൽ വ്യക്തിഗത ഫയലുകൾ സ്വരൂപിക്കുന്നതു തടയുകയാണെങ്കിൽ.

പോലീസിനെ പോലുള്ള, ഭരണകൂടം പ്രത്യേക അധികാരങ്ങൾ നല്കിയിട്ടുള്ള വ്യക്തികൾ, അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം വേണ്ടെന്നുവെക്കുക മാത്രമല്ല നിർബന്ധമായും നിരീക്ഷണത്തിലായിരിക്കുകയും വേണം. (വാസ്തവത്തിൽ, പോലീസുകാർക്കു് അവരുടെ തന്നെ പ്രത്യേക പദാവലിയിൽ കള്ളസാക്ഷ്യത്തിനു് ഒരു വാക്കുണ്ടു്, “ടെസ്റ്റിലൈയിങ് (testilying),” കാരണം അവരതു പതിവായി ചെയ്യാറുണ്ടു്, പ്രത്യേകിച്ചു് പ്രതിഷേധിക്കുന്നവരെ കുറിച്ചും ഫോട്ടോഗ്രാഫർമാരെ കുറിച്ചും.) കാലിഫോർണിയയിലെ ഒരു നഗരത്തിൽ പോലീസുകാർ മുഴുവൻ സമയവും വീഡിയൊ ക്യാമറകൾ ധരിക്കണമെന്നു വന്നപ്പോൾ അവരുടെ ബലപ്രയോഗം 60% കുറഞ്ഞു. എസിഎൽയു (ACLU) ഇതിനു് അനുകൂലമാണു്.

കോർപ്പറേഷനുകൾ ജനങ്ങളല്ല, അതു് മനുഷ്യാവകാശങ്ങൾ അർഹിക്കുന്നില്ല. വ്യാപാരങ്ങളോടു് പൊതുക്ഷേമത്തിനു് ആവശ്യമായ ഏതു നിലയിലും, രസതന്ത്രപരമായോ, ജീവശാസ്ത്രപരമായോ, ആണവോർജത്തെ സംബന്ധിച്ചോ, കമ്പ്യൂട്ടേഷനെ സംബന്ധിച്ചോ (ഉദാഹരണത്തിനു്, ഡിആർഎം (DRM)) അല്ലെങ്കിൽ രാഷ്ട്രീയപരമായോ (ഉദാഹരണത്തിനു്, സ്വാധീനിക്കുക) സമൂഹത്തിനു് അപായമുണ്ടാക്കുന്ന പ്രക്രിയയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനാവശ്യപ്പെടുന്നതു് നിയമാനുസൃതമാണു്. ഈ പ്രവർത്തനങ്ങളുണ്ടാക്കുന്ന അപകടം (ബിപി എണ്ണ ചോർച്ച, ഫുകുഷിമ ദുരന്തം, 2008-ലെ സാമ്പത്തിക മാന്ദ്യം എന്നിവ ഓർക്കുക) തീവ്രവാദത്തെ തന്നെ മറികടക്കുന്നതാണു്.

എന്തിരുന്നാലും, വ്യാപാരത്തിന്റെ ഭാഗമായി ചെയ്യുമ്പോൾ പോലും മാധ്യമപ്രവർത്തനം സർവേയിലൻസിൽ നിന്നും സംരക്ഷിക്കപ്പെട്ടേ തീരു.

ഡിജിറ്റൽ സാങ്കേതിക വിദ്യ നമ്മുടെ ചലനങ്ങളിലും, പ്രവൃത്തികളിലും, ആശയവിനിമയങ്ങളിലും ഉള്ള സർവേയിലൻസ് ഭീമമായ തോതിൽ കൂട്ടിയിരിക്കുന്നു. 1990-കളിൽ നമുക്കു് അനുഭവപ്പെട്ടതിനേക്കാളും വളരെ കൂടുതലാണു് ഇതു്, 1980-കളിൽ ഇരുമ്പു തിരശ്ശീലയ്ക്കു (Iron Curtain) പിന്നിലുള്ളവർ അനുഭവിച്ചതിനേക്കാളും കൂടുതൽ, സ്വരൂപിച്ച ഡാറ്റ ഉപയോഗിക്കുന്നതിനു് ഭരണകൂടത്തിനു മുകളിലുള്ള നിർദ്ദിഷ്ട നിയമ പരിധികൾ ഇതിനു മാറ്റമുണ്ടാക്കില്ല.

അതിക്രമിച്ചു കടക്കുന്ന തരത്തിലുള്ള സർവേയിലൻസാണു് കമ്പനികൾ വീണ്ടും വീണ്ടും രൂപകല്പന ചെയ്തുകൊണ്ടിരിക്കുന്നതു്. ഫേസ്ബുക്കു പോലുള്ള കമ്പനികളുമായി കൈകോർത്തു് ചില സംരംഭങ്ങൾ സർവേയിലൻസിനെ വ്യാപിപ്പിക്കുന്നു, ഇവയ്ക്കു് ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നതിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. അത്തരം സാധ്യതകൾ സങ്കല്പിക്കാവുന്നതിനുമപ്പുറമാണു്; എന്നാൽ ജനാധിപത്യത്തിനുള്ള ഭീഷണി വെറും അനുമാനമല്ല. ഇതു് ഇന്നു നിലനില്ക്കുന്നു എന്നു മാത്രമല്ല അതു പ്രത്യക്ഷവുമാണു്.

നമ്മുടെ സ്വതന്ത്ര രാജ്യങ്ങൾ മുൻകാലങ്ങളിൽ വളരെ മോശമായിട്ടുള്ള സർവേയിലൻസിന്റെ അഭാവത്തിൽ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും, സോവിയറ്റ് യൂണിയനിലും കിഴക്കൻ ജർമനിയിലും ഉണ്ടായിരുന്നതിനേക്കാൾ സർവേയിലൻസ് ആവശ്യമാണെന്നും, നമ്മൾ വിശ്വസിക്കുന്നില്ലെങ്കിൽ, ഈ വർദ്ധനവു് നമ്മൾ തലകീഴ്മറിക്കണം. ഇതിനുവേണ്ടി ജനങ്ങളെ കുറിച്ചുള്ള ഡാറ്റ വലിയ തോതിൽ സ്വരൂപിക്കുന്നതു് നിർത്തലാക്കേണ്ടതുണ്ടു്.

അടിക്കുറിപ്പു്

  1. നിരന്തരം നിരീക്ഷിക്കപ്പെടാത്ത സാഹചര്യത്തെ ആംബിയന്റ് സ്വകാര്യത എന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്.

പരിഭാഷകയുടെ കുറിപ്പു്
  1. പൗര സ്വാതന്ത്ര്യത്തിനു വേണ്ടുയുള്ള അമേരിക്കൻ യൂണിയൻ. 
  2. വിദേശ ഇന്റലിജൻസ് സ‍ർവേയിലൻസിനായുള്ള നിയമം; ഇതു് ഒരു പ്രത്യേക നിയമപരിപാലനാധികാരം സ്ഥാപിച്ചു, എഫ്ഐഎസ്‍സി (FISC), യുഎസിന്റെ അതിർത്തിക്കുള്ളിലുള്ള വിദേശ ചാരന്മാരെ കുറിച്ചു തീർപ്പുകല്പിക്കുന്നതിനാണിതു രൂപീകരിച്ചതു്.