ഈ പരിഭാഷയിൽ, 2021-07-16 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

ഗ്നു/ലിനക്സ് പോലുള്ള – ഒരു സ്വതന്ത്ര പ്രവര്‍ത്തക സംവിധാനം പല കാരണങ്ങള്‍ കൊണ്ടും ആള്‍ക്കാര്‍ ഉപയോഗിയ്ക്കാം. അതു് പലപ്പോഴും പ്രായോഗിക കാരണങ്ങള്‍ കൊണ്ടായിരിയ്ക്കാം-സിസ്റ്റം പ്രയോഗങ്ങള്‍ കൊണ്ടു് ശക്തമാണു്, സിസ്റ്റം വിശ്വസ്തമാണു്, അല്ലെങ്കില്‍ നിങ്ങള്‍ക്കു് വേണ്ട രീതിയില്‍ സോഫ്റ്റ്‌വെയറിനെ മാറ്റിയെടുക്കാം എന്നതൊക്കെയാകാം ആ കാരണങ്ങള്‍.

ഇവയൊക്കെ നല്ല കാരണങ്ങളാണു് – പക്ഷെ പ്രായോഗിക സൗകര്യങ്ങളേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കാര്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ടു്. അതു് നിങ്ങളുടേയും സമൂഹത്തിന്റേയും സ്വാതന്ത്ര്യമാണു്.

ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ അര്‍ഹിയ്ക്കുന്നുണ്ടു് എന്നതാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ആശയം. സോഴ്സ് കോഡുകള്‍ ആവശ്യാനുസ്സരണം മാറ്റി നിങ്ങള്‍ക്കുവേണ്ടതു് നിങ്ങള്‍ക്കു് തന്നെ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടതാണു് അതായതു് സ്വയം സഹായിക്കാനുള്ള സ്വാതന്ത്ര്യം. മറ്റുള്ളവര്‍ക്കു് ഈ പ്രയോഗങ്ങള്‍ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങളര്‍ഹിയ്ക്കുന്നു. കൂടുതല്‍ പേര്‍ക്കു് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതുക്കിയ പതിപ്പു് പ്രസ്സിദ്ധീകരിയ്ക്കാനും അതുവഴി സമൂഹത്തിന്റെ പുരോഗതിയില്‍ ഭാഗഭാക്കാകാനും നിങ്ങള്‍ക്കു് അര്‍ഹതയുണ്ടു്.

ഒരു പ്രയോഗം സ്വതന്ത്രസോഫ്റ്റ്‌വെയറാണോ അല്ലയോ എന്നതു് അതിന്റെ സമ്മതപത്രത്തെ ആശ്രയിച്ചിരിയ്ക്കും. എന്നിരുന്നാലും, പ്രോഗ്രാമിന്റെ സോഴസ്‌കോഡ് നിങ്ങള്‍ക്കു് ലഭ്യമാവാതിരിക്കുമ്പോഴും, പ്രോഗ്രാമുള്ള ഹാര്‍ഡ്‌വെയര്‍, മാറ്റം വരുത്തിയ ഒരു പതിപ്പു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സമ്മതിക്കാതിരിക്കുമ്പോഴും (ഇതിനെ “ട്ടിവോ വത്കരണം - tivoization” എന്നു വിളിക്കുന്നു), ആ പ്രോഗ്രാം അസ്വതന്ത്രമാണു്.

ഒരു സമ്മതപത്രം, പ്രയോഗത്തെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആക്കുന്നുണ്ടോ എന്നു് വിശകലനം ചെയ്യുന്നതിനേപറ്റി സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ വിശദമായ നിര്‍വചനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടു്. ചില പ്രത്യേക അനുമതികളെ കുറിച്ചു് - സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ നിര്‍വചനത്തോടു് നീതി പുലര്‍ത്തുന്നവയുടെ ഗുണദോഷങ്ങളെ പറ്റിയും അല്ലാത്തവ എന്തുകൊണ്ടു് യോഗ്യമല്ല എന്നും വിശദീകരിയ്ക്കുന്ന ലേഖനങ്ങള്‍ ഗ്നു വെബ്-താളുകളില്‍ ലഭ്യമാണു്.

1998 -ല്‍, ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി “ഓപ്പണ്‍ സോഴ്സ്” എന്ന വാക്കു് ഉയര്‍ന്നു വന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രായോഗിക ഗുണങ്ങളിലേയ്ക്കു മാത്രം വിരല്‍ചൂണ്ടുന്നതാണു് ആ ആശയങ്ങള്‍. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മുന്നോട്ടു് വയ്ക്കുന്ന, കൂടുതല്‍ ആഴമേറിയ, സ്വാതന്ത്ര്യത്തിന്റേയും സാമൂഹിക ദൃഢതയുടേയും വിഷയങ്ങള്‍ അവ അവഗണിയ്ക്കുകയാണു്. ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം മുന്നേറുന്നതു് നല്ലതാണു്. പക്ഷെ അതു് ഉപരിപ്ലവം മാത്രമാണു്. സോഫ്റ്റ്‌വെയറുകളുടെ വികസനം പോലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരോടൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ക്കു് വിരോധമില്ല. പക്ഷെ അവരുടെ അഭിപ്രായവുമായി ഞങ്ങള്‍ക്കു് യോജിപ്പില്ല, അവരുടെ പേരില്‍ പ്രവര്‍ത്തിയ്ക്കാന്‍ ഞങ്ങള്‍ക്കു് താത്പര്യവുമില്ല.

സ്വാതന്ത്ര്യത്തിനും സമൂഹത്തിനും ആണു് പരമമായ പ്രാധാന്യം എന്നു് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ “സ്വതന്ത്രസോഫ്റ്റ്‌വെയര്‍” എന്ന പദം ഉപയോഗിച്ചു് ഞങ്ങളോടൊപ്പം ചേരൂ, കൂടാതെ ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ സഹായിയ്ക്കു.


വാല്‍കഷ്ണം :
        സ്വാതന്ത്ര്യം തന്നെ അമൃതം,
        സ്വാതന്ത്ര്യം തന്നെ ജീവിതം,
        പാരതന്ത്ര്യം മാനികള്‍ക്കു്,
        മൃതിയേക്കാള്‍ ഭയാനകം.
              -വള്ളത്തോള്‍